
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസമായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനാണ് അദ്ദേഹം പുറത്തുവന്നത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, “എല്ലാ കാര്യങ്ങളും ബഹുമാനപ്പെട്ട കോടതിയുടെ മുന്നിലാണ്. സത്യം ജയിക്കും” എന്നായിരുന്നു പ്രതികരണം.
അദ്ദേഹം വോട്ട് ചെയ്യാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ അടക്കമുള്ളവർ സ്ഥലത്ത് ഉണ്ടായിരന്നു. ഇതോടൊപ്പം എതിർ പാർട്ടികളുടെ യുവജന സംഘടനകൾ രാഹുലിനെതിരെ കൂക്കി വിളിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു.
ബംഗളൂരു സ്വദേശികളായ രണ്ട് യുവതികൾ നൽകിയ പീഡന പരാതികളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായത്. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ഇതിനിടെ, രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുമുണ്ട്.