
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ ഒരു വനിതാ ഡോക്ടറുടെ മുഖത്ത് ധരിച്ചിരുന്ന ഹിജാബ് കൈകൊണ്ട് മാറ്റിയെന്ന ആരോപണത്തെ തുടർന്ന് ശക്തമായ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ്, ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു.

പട്ന സെക്രട്ടേറിയറ്റിൽ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. നിയമന കത്ത് സ്വീകരിക്കാനെത്തിയ ഒരു വനിതാ ഡോക്ടറുടെ മുഖം പൂർണ്ണമായി മറച്ചിരുന്ന നിഖാബ് നിതീഷ് കുമാർ കൈകൊണ്ട് താഴേക്ക് മാറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിപക്ഷ നേതാക്കൾ സംഭവത്തെ സ്ത്രീകളോടുള്ള അപമാനമായി വിശേഷിപ്പിച്ചു. നിതീഷ് കുമാറിന്റെ മാനസികാവസ്ഥയെക്കുറിച്ചും പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തി. ചില നേതാക്കൾ അദ്ദേഹത്തെ “സംഘി” എന്ന് വിളിച്ചും വിമർശിച്ചു.
വീഡിയോയിൽ, സംഭവമുണ്ടായ ഉടൻ ഡെപ്യൂട്ടി മുഖ്യമന്ത്രി സമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നതും വ്യക്തമാണ്. അതേസമയം, ജെഡിയു നേതാക്കൾ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തി. നിതീഷ് കുമാർ കുട്ടികളോടും യുവാക്കളോടും സ്നേഹത്തോടെയാണ് ഇടപെടുന്നതെന്നും, ബഹുമാനം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമെന്നുമാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.
2022-ലെ ഹിജാബ് വിവാദകാലത്ത്, ഓരോ വ്യക്തിക്കും തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും ബിഹാറിൽ ഹിജാബ് ഒരു പ്രശ്നമല്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സംഭവവും പഴയ നിലപാടുകളും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നത്.
.