
കോട്ടയം: മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന സിനിമയുടെ തിരക്കഥാ മോഷണക്കേസിൽ സംവിധായകൻ മേജർ രവിയും നിർമ്മാതാവ് ഹനീഫ് മുഹമ്മദും ചേർന്ന് പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി വിധിച്ചു. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

പുതുപ്പള്ളി സ്വദേശിയായ തിരക്കഥാകൃത്ത് റെജി മാത്യുവാണ് കേസ് നൽകിയത്. ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തന്റെ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് പരാതിയിൽ ആരോപിച്ചത്. വാദം പരിഗണിച്ച കോടതി, സിനിമയുടെ കഥയുടെയും തിരക്കഥയുടെയും പൂർണ്ണ പകർപ്പവകാശം റെജി മാത്യുവിനാണെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ, മേജർ രവിയും നിർമ്മാതാവ് ഹനീഫ് മുഹമ്മദും ചേർന്ന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, റെജി മാത്യുവിനെ കഥാകൃത്തായി അംഗീകരിക്കാതെ സിനിമ പ്രദർശിപ്പിക്കുന്നതിനും, റീമേക്ക് ചെയ്യുന്നതിനും, ഡബ്ബ് ചെയ്യുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
ഈ കേസിൽ മേജർ രവിക്കും നിർമ്മാതാവ് ഹനീഫ് മുഹമ്മദിനുമൊപ്പം, തിരക്കഥാകൃത്തുക്കളായി പേര് ചേർത്ത ഷാജി എസ്.വി, സുമേഷ് വി. റോബിൻ എന്നിവരും പ്രതികളായിരുന്നു. മലയാള സിനിമാ മേഖലയിലെ പകർപ്പവകാശ ചർച്ചകൾക്ക് ഈ വിധി നിർണായക വഴിത്തിരിവായതായി നിയമവിദഗ്ധർ വിലയിരുത്തുന്നു.