
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് അടിയന്തര സാഹചര്യം ഉണ്ടായത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് (കരിപ്പൂർ) പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചെങ്കിലും വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാൻ സാധിച്ചു.

വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. ഫയർഫോഴ്സ്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ലാൻഡിങ്ങിന് ശേഷം റൺവേയിൽ വിശദമായ പരിശോധനകൾ നടത്തി, തുടർന്ന് വിമാനത്താവള പ്രവർത്തനം സാധാരണ നിലയിലാക്കി.
വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒരുക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.