
പാലക്കാട്: പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. ധോണി–മുണ്ടൂർ റോഡിലെ അരിമണി എസ്റ്റേറ്റ് പരിസരത്താണ് ദുരന്തം ഉണ്ടായത്.

തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാർ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.
വാഹനം വേലിക്കാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കാർ ഉടമ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയായിരിക്കാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.