
ക്രിസ്മസ്–പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് രുചിയും മധുരവും പകരാന്‍ സംസ്ഥാനമൊട്ടാകെ വിപണിയിൽ കുടുംബശ്രീ കേക്കുകൾ എത്തിക്കും കേരളത്തിലെ എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 850ലേറെ യൂണിറ്റുകള്‍ വിവിധയിനം കേക്കുകള്‍ തയ്യാറാക്കി വിപണിയിലെത്തിക്കും.

ആവശ്യക്കാര്‍ക്ക് ഡിസംബര്‍ 19 മുതല്‍ കുടുംബശ്രീയുടെ പോക്കറ്റ്മാര്‍ട്ട് ആപ്പ് വഴി ഓണ്‍ലൈനായി കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്യുന്ന കേക്കുകള്‍ നേരിട്ട് വീടുകളിലെത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാംപറുകളുടെ വന്‍ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിസ്മസ്–പുതുവര്‍ഷ കാലഘട്ടത്തിലെ ഈ പുതിയ സംരംഭം. ഗുണമേന്മയും രുചിയും ഉറപ്പാക്കിയുള്ള കേക്കുകളാണ് ഉപഭോക്താക്കള്‍ക്കായി കുടുംബശ്രീ ഒരുക്കുന്നത്.
ഇതിനോടനുബന്ധിച്ച്, ഓരോ ജില്ലയിലുമുള്ള കേക്ക് നിര്‍മാണ യൂണിറ്റുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കുടുംബശ്രീ കേക്ക് യൂണിറ്റ് ഡയറക്ടറി തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഇന്ന് പ്രകാശനം ചെയ്തു.
പ്രകാശന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് ഐ.എ.എസ്, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നവീന്‍ സി എന്നിവര്‍ സന്നിഹിതരായി.
കുടുംബശ്രീയുടെ ഈ സംരംഭം വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.