You are currently viewing യുവതി–യുവാക്കൾക്കായി ഡിസൈനർ വസ്ത്രങ്ങളുമായി ഖാദി ബോർഡ്

യുവതി–യുവാക്കൾക്കായി ഡിസൈനർ വസ്ത്രങ്ങളുമായി ഖാദി ബോർഡ്

കൊല്ലം: ക്രിസ്മസ്–പുതുവത്സര വിപണി ലക്ഷ്യമിട്ട് ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഖാദി ബോർഡ് വിപണിയിലെത്തിക്കുന്നു. യുവതയെ കൂടുതൽ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ പ്രത്യേകമായി ഡിസൈനർ ഖാദി വസ്ത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഭാഗ്യശ്രീ ഖാദി ഫാഷൻ സൊസൈറ്റിയുമായി ചേർന്നാണ് ഡിസൈനർ വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നത്. കൊല്ലം നെയ്ത്ത് കേന്ദ്രങ്ങളും നെടുമ്പന റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റും ചേർന്ന് നിർമ്മിച്ച വസ്ത്രങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഖാദി ബോർഡിന്റെ കീഴിലുള്ള കൊട്ടാരക്കര, കർബല ഗ്രാമസൗഭാഗ്യകളിലൂടെയും കരുനാഗപ്പള്ളി മുനിസിപ്പൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന പ്രത്യേക മേളകളിലൂടെയും വിൽപ്പന നടത്തും.

ചൂടിനെ എളുപ്പത്തിൽ പ്രതിരോധിക്കാനുള്ള കഴിവാണ് ഖാദി വസ്ത്രങ്ങളുടെ പ്രധാന പ്രത്യേകത. മേളയുടെ ഭാഗമായി ഖാദി കോട്ടൺ, പ്രിന്റഡ് സിൽക്ക്, മനില ഷർട്ടിങ്, ടസർ സിൽക്ക്, റെഡിമെയ്ഡ് ഷർട്ടുകൾ, ധോത്തികൾ, നവീന രീതിയിൽ ഡിസൈൻ ചെയ്ത ചുരിദാർ ടോപ്പുകൾ, കുർത്തികൾ എന്നിവയ്ക്കൊപ്പം പഞ്ഞിക്കിടക്കകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ, കാർപ്പെറ്റുകൾ എന്നിവയും ലഭ്യമാകും. ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, എള്ളെണ്ണ, ചന്ദന തൈലം, സൗന്ദര്യവർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ ഖാദി ക്രിസ്മസ്–പുതുവത്സര മേള ഡിസംബർ 19 മുതൽ ജനുവരി 2 വരെ നടക്കും. ഖാദി വസ്ത്രങ്ങൾക്ക് മേളയിൽ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1000 രൂപ മുതൽ ലീഡർ ഷർട്ടുകളും 700 രൂപ മുതൽ ലേഡീസ് ടോപ്പുകളും 1500 രൂപ മുതൽ ഡിസൈനർ വസ്ത്രങ്ങളും ലഭ്യമാകും.

Leave a Reply