You are currently viewing വാളയാറിലെ അതിഥിത്തൊഴിലാളിയുടെ കൊലപാതകം കേരളത്തിന് അപമാനം: മുസ്ലിം ലീഗ്

വാളയാറിലെ അതിഥിത്തൊഴിലാളിയുടെ കൊലപാതകം കേരളത്തിന് അപമാനം: മുസ്ലിം ലീഗ്

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് മാത്രമെന്ന് കരുതിയിരുന്ന ആൾക്കൂട്ടക്കൊലയുടെ വാർത്ത കേരളത്തിലും സംഭവിച്ചതെന്നത് അതീവ ഞെട്ടിക്കുന്ന യാഥാർഥ്യമാണെന്ന് യോഗം വിലയിരുത്തി.

‘ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനായാരൺ ഭയ്യാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നും ഇത് മനുഷ്യത്തിനെതിരായ ക്രൂരകൃത്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. കുടുംബം പോറ്റാനായി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുണ്ട്; പലരും കുടുംബസമേതം ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. അവരോട് മാന്യമായും മാനുഷികമായും പെരുമാറുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും, എന്നാൽ വാളയാറിൽ നടന്നത് അത്യന്തം നീചവും അപലപനീയവുമായ സംഭവമാണെന്നും യോഗം വ്യക്തമാക്കി.

സംഘ്പരിവാർ പ്രചരിപ്പിക്കുന്ന വിദ്വേഷവും വെറുപ്പും നിറഞ്ഞ രാഷ്ട്രീയമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും, പിടിയിലായവരിൽ നാല് പേർ സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്നത് തന്നെ കേസിലെ വംശവെറിയുടെ തെളിവാണെന്നും യോഗം ആരോപിച്ചു. കേരളത്തിന് കളങ്കമേൽപ്പിച്ച ഈ സംഭവത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply