
കോട്ടയം:കേരള പെയിന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് റബ്ബർപാലിൽ നിന്നു വികസിപ്പിച്ചെടുത്ത ‘ഭദ്രം എമൾഷൻ പെയിന്റ്’ എന്ന നൂതന ഉൽപ്പന്നത്തിന്റെ ആദ്യഘട്ട ഫോർമുലകൾ പൂർത്തിയായി. കഴിഞ്ഞ ഒന്നര വർഷമായി റബ്ബർ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII)യുടെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളുടെ ഫലമായാണ് റബ്ബർപാലിൽ നിന്നു ഉയർന്ന ഗുണമേന്മയുള്ള, പരിസ്ഥിതി സൗഹൃദ പെയിന്റ് നിർമ്മിക്കാൻ സാധിച്ചത്.

പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എമൾഷൻ പെയിന്റുകളേക്കാൾ മെച്ചപ്പെട്ട ഗുണനിലവാരവും ദൈർഘ്യമേറിയ നിലനില്പും നൽകുന്നതാണ് ഈ പുതിയ ഫോർമുല. പ്രകൃതിദത്ത റബ്ബർപാൽ, കടൽക്കക്ക, കളിമണ്ണ്, സസ്യസത്തുകൾ തുടങ്ങിയ ഘടകങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ഈ പെയിന്റ് പൂർണമായും പരിസ്ഥിതി സൗഹൃദവും ആരോഗ്യസൗഹൃദവുമാണെന്ന് ഗവേഷകർ അറിയിച്ചു. വിഓസി ഫ്രീ(VOC), വാട്ടർബേസ്‌ഡ് എമൾഷൻ പെയിന്റ് ആയതിനാൽ മനുഷ്യാരോഗ്യത്തിന് യാതൊരു ദോഷഫലങ്ങളും ഉണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ടെക്നിക്കൽ കൺസൾട്ടൻസി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റബ്ബർ പ്രോഡക്ട്സ് ഇൻക്യുബേഷൻ സെന്റർ (RPIC) ആണ് ഈ നൂതന പ്രകൃതിദത്ത പെയിന്റ് കേരള പെയിന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി വികസിപ്പിച്ചെടുത്തത്. റബ്ബർ കർഷകർക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പുതിയ സാധ്യതകളും പ്രതീക്ഷകളും നൽകുന്ന സംരംഭമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഈ നവീന സാങ്കേതികവിദ്യയുടെ ഔദ്യോഗിക ഉദ്ഘാടനവും സാങ്കേതികവിദ്യ കൈമാറ്റവും പുതുപ്പള്ളി ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ സിൽവർ ജൂബിലി ഹാളിൽ വെച്ച് മന്ത്രി വി എൻ വാസവൻ നടത്തി. റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനത്തിൽ ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് അധികൃതർ വ്യക്തമാക്കി.