You are currently viewing റോഡുസുരക്ഷ ലംഘനം: ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

റോഡുസുരക്ഷ ലംഘനം: ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: റോഡുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ഡെലിവറി ബോയ്സിനെ പരോക്ഷമായി പ്രേരിപ്പിക്കുന്ന സ്റ്റോറുകൾക്കും ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും മോട്ടോർ വാഹന വകുപ്പ് (എംവിഡി) നോട്ടീസ് നൽകി. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

റോഡുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമാക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി കമ്പനികൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം ബന്ധപ്പെട്ട കമ്പനികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

പല ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകളും 7 മിനിറ്റിലും 20 മിനിറ്റിലും ഡെലിവറി ഉറപ്പുനൽകുന്ന വാഗ്ദാനങ്ങൾ നൽകുന്നത് റോഡുസുരക്ഷ ലംഘനത്തിന് തുല്യമാണെന്ന് എംവിഡി വിലയിരുത്തുന്നു. ഇത്തരത്തിലുള്ള പ്രായോഗികമല്ലാത്ത സമയപരിധികൾ ഡെലിവറി ജീവനക്കാരെ അമിത വേഗതയിലേക്കും അശ്രദ്ധയിലേക്കും തള്ളിവിടുന്നതായും വകുപ്പ് ചൂണ്ടിക്കാട്ടി.

സുരക്ഷിതമല്ലാത്ത വേഗത, അശ്രദ്ധാപൂർണമായ ഡ്രൈവിംഗ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഹെൽമെറ്റ് ധരിക്കാതിരിക്കൽ എന്നിവയാണ് ഡെലിവറി ബോയ്സുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന പ്രധാന സുരക്ഷാ പ്രശ്നങ്ങൾ.

വേഗത്തിൽ ഡെലിവറി പൂർത്തിയാക്കി വരുമാനം വർധിപ്പിക്കാനും അടുത്ത ഓർഡർ നേടാനും ഡെലിവറി ജീവനക്കാർ അമിത വേഗതയിൽ സഞ്ചരിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്.

വിപണി പിടിക്കാനുള്ള മത്സരത്തിന്റെ ഭാഗമായി ചില ഓൺലൈൻ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് പ്രായോഗികമല്ലാത്ത സമയപരിധികൾ വാഗ്ദാനം ചെയ്യുന്നതായി എംവിഡി നിരീക്ഷിച്ചു. ഇത് റോഡുസുരക്ഷയിൽ കമ്പനികൾ വിട്ടുവീഴ്ച ചെയ്യുന്നതായി കണക്കാക്കുമെന്നും, ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കർശന നടപടികൾ തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply