You are currently viewing തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത്

തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത്

മണ്ഡലപൂജയ്ക്കായി ശബരിമല അയ്യപ്പസ്വാമിക്കു ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച (ഡിസംബർ 26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. തുടർന്ന് വൈകിട്ട് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. ശനിയാഴ്ച (ഡിസംബർ 27) ആണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10 മുതൽ 11.30 വരെയുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ നടക്കുക.
ശനിയാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വീണ്ടും തുറക്കും.

തിരുവിതാംകൂർ മഹാരാജാവ് മണ്ഡലപൂജയ്ക്കായി അയ്യപ്പസ്വാമിക്ക് സമർപ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച (ഡിസംബർ 23) രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പുനരാരംഭിക്കുന്ന ഘോഷയാത്ര ഒൻപതിന് ളാഹ സത്രം, പത്തിന് പ്ലാപ്പള്ളി, പതിനൊന്നിന് നിലയ്ക്കൽ ക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയം എന്നിവിടങ്ങളിലെത്തും. ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തി വിശ്രമിച്ച ശേഷം മൂന്നിന് വീണ്ടും പുറപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടത്തും.

Leave a Reply