You are currently viewing ശബരിമല:ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു

ശബരിമല:ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു

ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 30,01,532 പേരാണ് ദർശനം നടത്തിയത്.
കഴിഞ്ഞ സീസണിൽ ഡിസംബർ 23നുതന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം കടന്നിരുന്നു (30,78,044 പേർ). 2024 ഡിസംബർ 25 വരെ 32,49,756 പേരാണ് ശബരിമല ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ എത്തിയ ഭക്തരുടെ എണ്ണം 28.42 ലക്ഷം ആയിരുന്നു.

ഈ വർഷം സീസൺ ആരംഭിച്ചതിനുതന്നെ ഉണ്ടായ അഭൂതപൂർവമായ തിരക്കിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം വിർച്വൽ ക്യൂയിലും സ്‌പോട്ട് ബുക്കിംഗിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇക്കുറി ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബർ 19നാണ്—1,02,299 പേർ. ഏറ്റവും കുറവ് ഭക്തർ എത്തിയ ദിവസം ഡിസംബർ 12 ആയിരുന്നു; 49,738 പേർ.

മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്ക് കുറവായിരുന്നു. ഈ വർഷം ഡിസംബർ 21ന് (ഞായർ) 61,576 പേരാണ് ദർശനം നടത്തിയത്. മറ്റ് ദിവസങ്ങളിൽ പ്രതിദിനം എൺപതിനായിരത്തിലധികം ഭക്തർ എത്തിയിരുന്നു—തിങ്കൾ 85,847, ചൊവ്വ 83,845, ബുധൻ 85,388, വ്യാഴം 89,729 പേർ.
മണ്ഡലപൂജയോടനുബന്ധിച്ച് വെള്ളി, ശനി (ഡിസംബർ 26, 27) ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി അനുവദിക്കുന്ന ഭക്തരുടെ എണ്ണം യഥാക്രമം 30,000യും 35,000യും ആയി കുറച്ചു. സ്‌പോട്ട് ബുക്കിംഗ് 2,000 ആയി നിശ്ചയിച്ചു.

തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ പമ്പയിൽ നിന്ന് ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം 22,039 പേർ ദർശനം നടത്തി.

Leave a Reply