You are currently viewing മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം

മാവേലിക്കര: പി.എം.ജി.എസ്.വൈ–4 (ബാച്ച് 1) പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം ലഭിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കുറഞ്ഞത് അഞ്ച് മീറ്റർ വീതിയും 500 മീറ്ററെങ്കിലും നീളവുമുള്ള നിലവിലെ മണ്ണ് റോഡുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റോഡുകളുടെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് ടാറിങ്, വശങ്ങളുടെ സംരക്ഷണം, കലുങ്കുകളുടെയും ചെറുപാലങ്ങളുടെയും നിർമാണം എന്നിവ നടപ്പാക്കും. ഗ്രാമീണ മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും കർഷകരുടെയും വിദ്യാർത്ഥികളുടെയും സാധാരണ ജനങ്ങളുടെയും ദൈനംദിന ജീവിതം കൂടുതൽ സുലഭമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിയമസഭാ മണ്ഡലങ്ങളിലായി അംഗീകാരം ലഭിച്ച റോഡുകളുടെ എണ്ണം ഇങ്ങനെ: കുട്ടനാട്–18, കൊട്ടാരക്കര–14, പത്തനാപുരം–13, ചങ്ങനാശ്ശേരി–9, മാവേലിക്കര–9, ചെങ്ങന്നൂർ–7, കുന്നത്തൂർ–5.

പുതുക്കിയ മാനദണ്ഡപ്രകാരം പദ്ധതിയുടെ ചെലവ് കേന്ദ്രം 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവും വഹിക്കും. എംപിമാർ നിർദേശിക്കുന്ന റോഡുകളാണ് പദ്ധതിയിൽ തിരഞ്ഞെടുക്കുന്നതെന്നും നിർവഹണം സംസ്ഥാന സർക്കാർ ഏജൻസിയാണ് നടത്തുന്നതെന്നും എംപി വ്യക്തമാക്കി. പദ്ധതിയുടെ വിജയകരമായ നടപ്പാക്കലിന് ആവശ്യമായ എല്ലാ തുടർനടപടികളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply