
മലപ്പുറം: അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളെതിരെ വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും നിര്‍ബന്ധമായും റീസിപ്റ്റ് വാങ്ങണമെന്നും, റീസിപ്റ്റ് നല്‍കിയില്ലെങ്കില്‍ ആവശ്യപ്പെട്ട് വാങ്ങണമെന്നും ജില്ലാ പ്രോജക്ട് മാനേജര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ അംഗീകൃത സേവന നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം.
കൂടാതെ, അക്ഷയ ജില്ലാ ഓഫീസിന്റെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ബന്ധപ്പെട്ട ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഫോണ്‍ നമ്പറും നിര്‍ബന്ധമായും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്കി.
സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ഈടാക്കുന്ന തുക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ 2025 ലെ ഉത്തരവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ഇതില്‍ വ്യതിചലനം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ adompm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാമെന്നും ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.