
റാന്നി: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വലിയപറമ്പിൽ പഠിക്കൽ ഭാഗത്ത് ഇന്ന് വെളുപ്പിന് മൂന്നരയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവാണ് മരിച്ചത്. അപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. കൂടാതെ രണ്ട് സ്ത്രീകൾ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ചാത്തന്തറ ഭാഗത്ത് കച്ചവടം നടത്തുന്ന ഒരു കടയിലെ തൊഴിലാളികളും അവരുടെ ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്. മണ്ഡലപൂജയ്ക്ക് ശേഷം രണ്ട് ദിവസം കട അടച്ചിട്ടതിനാൽ സംഘം ഉല്ലാസയാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. നിയന്ത്രണം വിട്ട ട്രാവലർ ഇട്ടിയപ്പാറ വലിയപറമ്പിൽ പടിയിൽ പ്രവർത്തിക്കുന്ന മുട്ടാർ ഏജൻസീസ് എന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ കടയുടെ മുൻഭാഗം ഭാഗികമായി തകർന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.