
കോതമംഗലം: ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളുടെ ആക്രമണം കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തുടർച്ചയായ ആശങ്കയായി മാറുന്നു. കോതമംഗലത്തിന് സമീപം പാലമറ്റം–ചീക്കോട് മേഖലയിൽ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ആവോലിച്ചാൽ സ്വദേശിയായ സതീഷ് (45) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ചീക്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടാതിരുന്ന സതീശനെ പിന്നിലൂടെ എത്തിയ ആന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹതൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തി സതീശനെ രക്ഷപ്പെടുത്തിയത്.
ആനയുടെ ആക്രമണത്തിൽ സതീശന്റെ തലയ്ക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. നിലവിൽ വിദഗ്ധ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പാലമറ്റം, ചീക്കോട്, കീരംപാറ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിൽ ആനകൾ ഇറങ്ങുന്നത് പതിവായെങ്കിലും, പകൽസമയത്ത് തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണം കർഷകരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വന്യജീവി ശല്യം തടയുന്നതിൽ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
പരിക്കേറ്റ തൊഴിലാളിക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കണമെന്നും, മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ അനുവദിക്കുന്ന നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
കാട്ടാന ശല്യം തടയാൻ വൈദ്യുത വേലി ഉൾപ്പെടെയുള്ള ഫെൻസിങ് സംവിധാനം സ്ഥാപിക്കുകയോ, എലിഫന്റ് സ്ക്വാഡിന്റെ സേവനം കൂടുതൽ ശക്തമാക്കുകയോ വേണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ഇതിനിടെ, സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചതായും, പരിക്കേറ്റ സതീശന്റെ ചികിത്സാ ചെലവുകളും നഷ്ടപരിഹാരവും മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.