
തിരുവനന്തപുരം: നിവിൻ പോളിയുടെ പുതിയ ചിത്രം സർവം മായ ബോക്‌സ് ഓഫിസിൽ വലിയ തിരിച്ചുവരവാണ് നേടിയത്. ഡിസംബർ 25ന് തിയേറ്ററുകളിലെത്തിയ അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ–കോമഡി ഫാന്റസി ചിത്രം റിലീസിന് അഞ്ചുദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ മറികടന്നു.

കുസൃതിക്കാരൻ ആയ ഒരു ഭൂതത്തെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം തലകീഴാകുന്ന ഒരു യുവ ഹിന്ദു പുരോഹിതന്റെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസിയും ഹാസ്യവും സസ്പെൻസും ചേർന്ന അവതരണമാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രീതിമുഖുന്ദനാണ് നായിക, അജു വർഗീസ് പ്രധാന സഹവേഷത്തിൽ എത്തുന്നു.
കേരളത്തിൽ ചിത്രം മികച്ച തുടക്കമാണ് നേടിയത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ഏകദേശം 18 മുതൽ 18.5 കോടി രൂപ വരെ കളക്ഷൻ നേടി. വിദേശ വിപണികളിലും സർവം മായ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിഡിൽ ഈസ്റ്റും നോർത്ത് അമേരിക്കയും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനമാണ് ആഗോള കളക്ഷൻ 50 കോടി രൂപയിലേക്ക് എത്തിച്ചത്.
അടുത്തകാലത്ത് ഉണ്ടായ ചില ബോക്‌സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം നിവിൻ പോളിക്ക് സർവം മായ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ്.
ഇതോടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ 50 കോടി ക്ലബ് ചിത്രമായും ഇത് മാറി.
പ്രേക്ഷക പ്രതികരണം വളരെ അനുകൂലമാണ്. ബുക്ക് മൈ ഷോയിൽ ചിത്രം 9.2/10 എന്ന ഉയർന്ന റേറ്റിംഗും നേടി. മികച്ച വാക്ക് ഓഫ് മൗത്തിന്റെയും സ്ഥിരമായ പ്രേക്ഷക പ്രവാഹത്തിന്റെയും പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും ചിത്രത്തിന്റെ വിജയയാത്ര തുടരുമെന്നാണ് വിലയിരുത്തൽ.