
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.

2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ചായിരുന്നു എബിവിപി പ്രവർത്തകനായ വിശാൽ കുത്തേറ്റ് മരിച്ചത്. ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയായിരുന്ന വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തകരായ 19 പേരാണ് പ്രതികളായിരുന്നത്(ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു).
കൊലപാതകം നടന്ന് 13 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കേസിലെ മുഴുവൻ 19 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ സാക്ഷികളായ എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ വിചാരണയ്ക്കിടെ മൊഴി മാറ്റിയ സംഭവം വലിയ വിവാദമായിരുന്നു. ഇത് കേസിനെ ഗൗരവമായി ബാധിച്ചതായും വിലയിരുത്തലുണ്ട്.
അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും എബിവിപിയും അറിയിച്ചിട്ടുണ്ട്.