
എടത്വാ: പുതുവർഷ തലേന്നുണ്ടായ വാഹനാപകടത്തിൽ അയൽവാസികളും ബന്ധുക്കളുമായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചെറുതന പഞ്ചായത്ത് പോച്ച, തുണ്ടത്തിൽ മധുസൂധന്റെ മകൻ മണിക്കുട്ടൻ എന്ന മനു (31)യും, 13-ചിറ സുരേഷിന്റെ മകൻ സുബീഷ് (27)യുമാണ് മരിച്ചത്. മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്.

കഴിഞ്ഞ രാത്രിയിൽ ചെറുതന ചെക്കിടിക്കാട് ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിന് സമീപം അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയിൽവച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുബീഷ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.