You are currently viewing 100 അല്ല 1000 ബസിടാനും കോർപ്പറേഷനിന് സ്ഥലമുണ്ട്:ഗതാഗത വകുപ്പ് മന്ത്രിക്ക് മറുപടിയുമായി വി.വി രാജേഷ്

100 അല്ല 1000 ബസിടാനും കോർപ്പറേഷനിന് സ്ഥലമുണ്ട്:ഗതാഗത വകുപ്പ് മന്ത്രിക്ക് മറുപടിയുമായി വി.വി രാജേഷ്

തിരുവനന്തപുരം: ഇ-ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ശക്തമായ മറുപടിയുമായി കോർപ്പറേഷൻ അംഗം വി.വി രാജേഷ് രംഗത്ത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ട കരാർ ലംഘനങ്ങളെയും, ഗ്രാമീണ മേഖലയിൽ അനുഭവപ്പെടുന്ന യാത്രാക്ലേശങ്ങളെയും ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ പ്രതികരണം.

കെഎസ്‌ആർടിസി സ്റ്റാൻഡിൽ ബസുകൾ നിർത്താൻ സ്ഥലമില്ലെന്ന മന്ത്രിയുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് വി.വി രാജേഷ് പറഞ്ഞു. ഇ-ബസുകൾക്ക് കെഎസ്‌ആർടിസി സ്റ്റാൻഡ് തന്നെ ആവശ്യമെന്ന നിർബന്ധമില്ലെന്നും, 100 ബസുകളല്ല 1000 ബസുകൾ വരെ പാർക്ക് ചെയ്യാൻ കഴിയുന്നത്ര സ്ഥലസൗകര്യം കോർപ്പറേഷനിന് സ്വന്തമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

113 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ബസുകൾ നഗരപരിധി വിട്ട് സമീപ ജില്ലകളിലേക്ക് സർവീസ് നടത്തുന്നത് കരാർ ലംഘനമാണെന്നും രാജേഷ് ആരോപിച്ചു. ഇത്തരം സർവീസുകളിൽ നിന്നുള്ള ലാഭവിഹിതം കോർപ്പറേഷനിന് ലഭിക്കേണ്ടത് ന്യായമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിലെ ഏകദേശം 70 ശതമാനം വരുന്ന ഗ്രാമീണ വാർഡുകളിലെ ഇടറോഡുകളിലൂടെ സർവീസ് നടത്താൻ ചെറിയ ബസുകളാണ് കൂടുതൽ അനുയോജ്യമെന്നും, ഇത് സാധാരണക്കാരായ കൂലിപ്പണിക്കാർക്ക് വലിയ ആശ്വാസമാകുമെന്നും രാജേഷ് ചൂണ്ടിക്കാട്ടി. നിലവിലെ വലിയ ഇ-ബസുകൾ ഗ്രാമീണ മേഖലയുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇ-ബസുകളുടെ ബാറ്ററികളുടെ കാലാവധി തീരാറായിരിക്കുന്ന സാഹചര്യത്തിൽ ‘നല്ലകാലം’ കഴിഞ്ഞപ്പോൾ ബസുകൾ തിരിച്ചെടുക്കണമെന്നല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും, കരാറിൽ പറയുന്ന വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നതാണ് നിലപാടെന്നും വി.വി രാജേഷ് വ്യക്തമാക്കി.

വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും, കോർപ്പറേഷന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply