You are currently viewing നിരോധിക്കാനും മടിക്കില്ല: സംഘപരിവാർ സംഘടനകൾക്ക് മുന്നറിയിപ്പുമായി കർണാടക മന്ത്രി

നിരോധിക്കാനും മടിക്കില്ല: സംഘപരിവാർ സംഘടനകൾക്ക് മുന്നറിയിപ്പുമായി കർണാടക മന്ത്രി

ബെംഗളൂരു:
സംഘ്പരിവാർ സംഘടനകൾക്ക് വീണ്ടും ശക്തമായ മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ ആര്‍.എസ്.എസ്, ബജ്‌റങ്ദള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ പോലും സർക്കാർ മടിക്കില്ലെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നൽകി.

“കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ ഒരു തരത്തിലുള്ള മടിയും കാണിക്കില്ല,” എന്നാണ് മന്ത്രി പറഞ്ഞത്. നിയമവും ക്രമസമാധാനവും നിലനിർത്തുന്നതിന് സർക്കാർ പ്രതിബദ്ധമാണെന്നും സാമൂഹിക സൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ ഇതാദ്യമായല്ല സംഘ്പരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. 2023 മെയ് മാസത്തിൽ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ, സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും — അത് ആര്‍.എസ്.എസ് ആയാലും ബജ്‌റങ്ദള്‍ ആയാലും പി.എഫ്.ഐ ആയാലും — കര്‍ശന നിയമനടപടി സ്വീകരിക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക് ഖാര്‍ഗെയുടെ പുതിയ പരാമർശങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply