You are currently viewing കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുരോഗതി വിലയിരുത്തി

കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുരോഗതി വിലയിരുത്തി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (DRM), റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തോടൊപ്പം സ്റ്റേഷൻ സന്ദർശിച്ചു.

സ്റ്റേഷൻ പരിസരത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ സംഘം, കൊല്ലം റെയിൽവേ സ്റ്റേഷനെ ഒരു മെമു ഹബ്ബായി മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള മെമു പിറ്റ് ലൈൻ സൗകര്യങ്ങളും പരിശോധിച്ചു. ഇതിലൂടെ കൂടുതൽ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനു സമീപമുള്ള ചരിത്രപ്രസിദ്ധമായ ചീന കൊട്ടാരം അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് പുനർവികസിപ്പിക്കുന്നതും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതും സംബന്ധിച്ചും ചർച്ചകൾ നടന്നു. ഹെറിറ്റേജ് സംരക്ഷണം ഉറപ്പാക്കി മനോഹരമായ രീതിയിൽ കൊട്ടാരം പുനർനിർമ്മിക്കാനാകുമെന്നതാണ് വിലയിരുത്തൽ.

തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ വിശദമായ പ്രസന്റേഷനിലൂടെ വരും മാസങ്ങളിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്കായുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കിയതായി സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദർശനം യാഥാർത്ഥ്യമാക്കി കേരളത്തിലെ റെയിൽവേ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും, കൊല്ലത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് മികച്ച യാത്രാനുഭവം നൽകുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply