
തിരുവനന്തപുരംഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022 മുതൽ നടപ്പിലാക്കി നിർബന്ധമാക്കിയ ഹെൽത്ത് കാർഡ് വ്യവസ്ഥ ലംഘിച്ച സംഭവത്തിൽ ആറു ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഏർപ്പെടുന്നവർക്ക് നിയമാനുസൃതമായി ഹെൽത്ത് കാർഡ് നിർബന്ധമായിരിക്കെ, ആളുകളെ നേരിട്ട് പരിശോധിക്കാതെയും കണ്ടുമുട്ടാതെയും വ്യാജമായി ഹെൽത്ത് കാർഡ് നൽകിയതായാണ് കണ്ടെത്തൽ.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലു ഡോക്ടർമാരുടെ മെഡിക്കൽ രജിസ്ട്രേഷൻ 21 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ശേഷിക്കുന്ന രണ്ടു ഡോക്ടർമാരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സസ്പെൻഷൻ കാലയളവിൽ ബന്ധപ്പെട്ട ഡോക്ടർമാർക്ക് സർക്കാർ ആശുപത്രികളിലോ സ്വകാര്യ മേഖലയിലോ പ്രാക്ടീസ് നടത്താൻ അനുമതിയില്ല. സസ്പെൻഷൻ സംബന്ധിച്ച വിവരം കേരള മെഡിക്കൽ കൗൺസിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹെൽത്ത് കാർഡ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ കർശന നടപടികൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.