You are currently viewing ഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പുതറ മത്തായിപ്പാറ എം.സി കവലയിൽ വീട്ടമ്മ രജനിയെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സുബിനെ (43) വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആറാം തീയതിയാണ് രജനിയെ ഉപ്പുതറ എം.സി കവലയിലെ വീട്ടിൽ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സുബിൻ ഒളിവിൽ പോകുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സുബിനും രജനിയുമായി ഇടയ്ക്കിടെ കുടുംബ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പിണങ്ങി ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന രജനി ഏകദേശം ഒരു മാസം മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്.

സുബിനും രജനിക്കും പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന രണ്ട് ആൺമക്കളും ബിരുദത്തിന് പഠിക്കുന്ന ഒരു പെൺമകനുമുണ്ട്. മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തോടെ മൂന്ന് കുട്ടികളും അനാഥരായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.

Leave a Reply