
മൂന്നാർ: മുൻ ദേവികുളം സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് രാജേന്ദ്രൻ അറിയിച്ചു. ബിജെപി നേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് പാർട്ടിപ്രവേശനം ഉടൻ തന്നെ മൂന്നാറിൽ വച്ച് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിപിഎം എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടിയിലേക്ക് തിരിച്ചുവരാൻ രാജേന്ദ്രൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
തോട്ടം മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ഒരു സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനാണ് തന്റെ ലക്ഷ്യമെന്നും, അതിലൂടെ മലയോര മേഖലയിൽ ബിജെപിക്ക് ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കാനാണ് ആഗ്രഹമെന്നും രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി അദ്ദേഹം രംഗത്തിറങ്ങിയതും വലിയ രാഷ്ട്രീയ വാർത്തയായിരുന്നു.