
ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു. തീർത്ഥാടന കാലയളവിലെ സുരക്ഷയും വനസംരക്ഷണവും മുൻനിർത്തിയാണ് നിയന്ത്രണം.
അറിയിപ്പിനുസരിച്ച്, എരുമേലി വഴി കാനനപാതയിലൂടെയുള്ള യാത്ര ജനുവരി 13ന് വൈകുന്നേരം 6 മണിവരെ മാത്രമേ അനുവദിക്കുകയുള്ളു. അഴുതക്കടവ് വഴി ജനുവരി 14ന് രാവിലെ 8 മണിവരെയും, മുക്കുഴി വഴി അതേ ദിവസം രാവിലെ 10 മണിവരെയും അയ്യപ്പഭക്തരെ കടത്തിവിടും.
നിശ്ചിത സമയപരിധിക്ക് ശേഷം കാനനപാതകളിലൂടെയുള്ള യാത്ര പൂർണമായി നിയന്ത്രിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. തീർത്ഥാടകർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും സഹകരിക്കണമെന്നും അഭ്യർഥിച്ചു.
