
തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധനയങ്ങൾക്കെതിരെ പ്രതിഷേധമായി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പാളയത്തിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്നു.

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സാമ്പത്തിക അവകാശങ്ങൾ അവഗണിക്കുന്ന കേന്ദ്രത്തിന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ദേശീയ ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സമരം.
സത്യാഗ്രഹത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
രാവിലെ ആരംഭിച്ച സമരം വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.
കേന്ദ്രത്തിന്റെ നിലവിലെ സാമ്പത്തിക നിലപാടുകൾ സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുകയാണെന്നും ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും അനുവദനീയമല്ലെന്നുംസമരത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സാമ്പത്തിക അവകാശങ്ങൾ മാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് തുടരുന്ന അനീതിക്കെതിരെ ഐക്യത്തോടെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.