
കല്ലറക്കാരുടെ കായികസ്വപ്നങ്ങൾ സഫലമാകുന്നു. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കല്ലറ പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 14-ന് വൈകിട്ട് 3 മണിക്ക് കായികമന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

1990-ൽ കല്ലറ–തണ്ണിയം റോഡിൽ ഒരേക്കർ ഭൂമിയിൽ ആരംഭിച്ച സ്റ്റേഡിയം, പിന്നീട് സൗകര്യങ്ങളുടെ അഭാവം മൂലം ഉപയോഗം കുറഞ്ഞിരുന്നു. പ്രദേശവാസികളും കായികപ്രേമികളും മുന്നോട്ടുവച്ച ആവശ്യത്തെ തുടർന്ന് 2022-ൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡി.കെ. മുരളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സർക്കാർ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
കുടിവെള്ള സംവിധാനം, സുരക്ഷാവേലി, ഓടകൾ, വിവിധ കായികമത്സരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്റ്റേഡിയം ആധുനികമാക്കി. പ്രഭാതവും സായാഹ്നവും നടത്തത്തിനും സ്റ്റേഡിയം ഉപയോഗിക്കാനാകും.
ദീർഘകാലമായി നിലനിന്നിരുന്ന ആവശ്യത്തിന് പരിഹാരമായതിൽ പ്രദേശവാസികളും കായികപ്രേമികളും സന്തോഷം രേഖപ്പെടുത്തി.