
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഇ-ഓഫീസ് സംവിധാനം ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്.

കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നെയ്യാറ്റിൻകര ഡിപ്പോയിൽ നടപ്പിലാക്കിയ സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവും ഇ-ഓഫീസ് സംവിധാനവും 2026 ജനുവരി 13 ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
ഇ-ഓഫീസ് സംവിധാനം പ്രവർത്തനക്ഷമമായതോടെ ഫയൽ കൈമാറ്റങ്ങൾ വേഗത്തിലാകുകയും രേഖകളുടെ സുരക്ഷ ഉറപ്പാക്കുകയും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ ഗുണനിലവാരം വർധിക്കുമെന്നും അധികൃതർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്നതിനുള്ള സുപ്രധാന മുന്നേറ്റമായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.