
കൊല്ലം: ലോട്ടറി വിൽപ്പനയിൽ അമ്മയ്ക്ക് തുണയാകാൻ എത്തിയ മകൻ കുളത്തൂപ്പുഴയാറ്റിൽ മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് കുളത്തൂപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപമുള്ള കന്നാർ കയത്തിലാണ് അപകടം നടന്നത്.
കുളത്തൂപ്പുഴയിൽ ലോട്ടറി വിൽപ്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാനാണ് മഹേഷ് കഴിഞ്ഞ ദിവസം എത്തിയിരുന്നത്.

അമ്മയ്ക്കൊപ്പം ലോട്ടറി വിൽപ്പന പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മഹേഷും സുഹൃത്തും പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാൽ ഇവർ കന്നാർ കയത്തിന് സമീപത്തേക്ക് മാറുകയായിരുന്നു.
സഹപാഠിയും സമീപവാസിയുമായ ഫാറൂഖും ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫാറൂഖും ഒഴുക്കിൽ അകപ്പെട്ടു. സംഭവം കണ്ട സമീപത്തുണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പുഴയിൽ ചാടിയ നാട്ടുകാർ ഫാറൂഖിനെ രക്ഷപ്പെടുത്തി.
ദീർഘനേരം നടത്തിയ തെരച്ചിലിന് ശേഷം മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.