You are currently viewing ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുത്തനെ ഉയരുന്നു: താമസക്കാർ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്

ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുത്തനെ ഉയരുന്നു: താമസക്കാർ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്

സിഡ്നി: ഉയർന്ന പലിശനിരക്കുകളും തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്ന ചെലവുകളും കാരണം ഓസ്‌ട്രേലിയയിലെ താമസക്കാർ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു.ഒരു ശരാശരി വീടിന്റെ മാസ ചെലവ് ഏകദേശം 5,530 ഡോളർ വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതച്ചെലവും ഭവന വിലയും കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.

നഗരപ്രദേശങ്ങളിലെ മധ്യവരുമാന കുടുംബങ്ങളുടെ ചിലവുകൾ വിഭജിക്കുകയാണെങ്കിൽ, വീടിൻറെ ലോൺ തിരിച്ചടവ് 3,800 ഡോളർ, വൈദ്യുതി 165 ഡോളർ, ഗ്യാസ് 125 ഡോളർ, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് 300 ഡോളർ, വീട് ഇൻഷുറൻസ് 200 ഡോളർ, കൗൺസിൽ നികുതി 200 ഡോളർ, ഇന്ധനം 120 ഡോളർ എന്നിവ മൊത്തത്തിൽ വരും

മുഴുവൻ സമയം ജോലി ചെയ്യുന്നവർക്ക് നികുതി കഴിഞ്ഞ് വർഷം ഏകദേശം 80,000 ഡോളർ വരുമാനം ഉണ്ടാകാമെങ്കിലും, മാസ ചെലവുകൾ അടച്ചുതീർന്നാൽ സേവിങ്‌സിനോ അടിയന്തിര ആവശ്യങ്ങൾക്കോ വലിയ തുക ശേഷിക്കുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. ശരാശരി 6,94,000 ഡോളർ വിലയുള്ള പുതിയ ഭവനവായ്പകളും ഏകദേശം 5.5 ശതമാനം പലിശനിരക്കും ലോൺ ബാധ്യത കൂടുതൽ കടുപ്പിക്കുന്നു.

സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓസ്‌ട്രേലിയക്കാർ ചെലവുകൾ കുറയ്ക്കാനുള്ള മാർഗങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ചെലവ് കുറയ്ക്കാൻ സാധിച്ചതായി ചില വീടുടമകൾ പറയുന്നു. ഇൻഷുറൻസും യൂട്ടിലിറ്റി സേവനങ്ങളും പുനഃപരിശോധിച്ച് കുറഞ്ഞ നിരക്കുകൾ തേടുന്നവരുമുണ്ട്.
അതേസമയം, വാടകക്കാർക്കും കുട്ടികളുള്ള കുടുംബങ്ങൾക്കും സ്ഥിതി കൂടുതൽ ദുഷ്‌കരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വാടകയും ശിശുസംരക്ഷണ ചെലവുകളും ഇവരുടെ മാസച്ചെലവ് വർധിപ്പിക്കുന്നു.

ഭവനവിതരണത്തിൽ ആശ്വാസമോ പലിശനിരക്കുകളിൽ കുറവോ ഉണ്ടായില്ലെങ്കിൽ, അടുത്ത മാസങ്ങളിലും കുടുംബ ബജറ്റുകൾ സമ്മർദ്ദത്തിൽ തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓസ്‌ട്രേലിയയിലെ ഭവന വിലക്കയറ്റവും ജീവിതച്ചെലവും മൂലം, ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത് നിരവധി കുടുംബങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്.

Leave a Reply