
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. ഗോവിന്ദാപുരത്തെ സ്വന്തം വീട്ടിൽ ഇന്ന് (ഞായറാഴ്ച) രാവിലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ മാതാപിതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാവിലെ ദീപക്കിന്റെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ സമീപവാസികളെ വിളിച്ചുകൂട്ടി വാതിൽ തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.
ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ യുവതി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.