You are currently viewing കൊല്ലം–തേനി ദേശീയപാത വികസനം: ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം

കൊല്ലം–തേനി ദേശീയപാത വികസനം: ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം

കൊല്ലം–തേനി ദേശീയപാത (NH 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള റോഡ് വികസനത്തിന് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ കൂടി പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ നാലുവരിപ്പാതാ വികസനത്തിനായി വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് കമ്പനികളുടെ സേവനം ക്ഷണിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത അധികൃതർ സാധാരണയായി നിലവിലുള്ള റോഡിന്റെ വികസനത്തിനാണ് മുൻഗണന നൽകുന്നത്. എന്നാൽ ഈ മേഖലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉയർത്തുന്ന ആശങ്കകളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ഗ്രീൻഫീൽഡ് ഹൈവേ എന്ന സമാന്തര സാധ്യതയും പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് എംപി പറഞ്ഞു.
ഈ വിഷയം നേരത്തെ തന്നെ ഉപരിതല ഗതാഗതവും ദേശീയപാതകളും കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും ദേശീയപാത അധികൃതരുടെയും ശ്രദ്ധയിൽ ഔദ്യോഗികമായി കൊണ്ടുവന്നിരുന്നു.
ജനജീവിതത്തെയും കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും ഏറ്റവും കുറവ് ബാധിക്കുന്ന രീതിയിലുള്ള വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽ, നിലവിലുള്ള റോഡ് വികസനം, ഗ്രീൻഫീൽഡ് ഹൈവേ എന്നീ ഇരു സാധ്യതകളും വിശദമായി പഠിച്ച് സാങ്കേതിക, സാമൂഹിക, പരിസ്ഥിതി ഘടകങ്ങൾ എല്ലാം വിലയിരുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നതാണ് നിർദേശം.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാലുവരിപ്പാതാ വികസനത്തിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കുക.
മധ്യ കേരളത്തിന്റെ ഗതാഗത നട്ടെല്ലായി കണക്കാക്കപ്പെടുന്ന കൊല്ലം–തേനി ദേശീയപാത 183-ന്റെ വികസനം പ്രദേശത്തിന്റെ വാണിജ്യ, കൃഷി, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെയും വിനോദസഞ്ചാര വികസനത്തിന്റെയും വളർച്ചയ്ക്ക് നിർണായകമാണെന്ന് എംപി വ്യക്തമാക്കി.
അതേസമയം, വികസനത്തിന്റെ പേരിൽ സാധാരണ ജനങ്ങളുടെ ജീവിതവും സ്വത്തും അനാവശ്യമായി നഷ്ടപ്പെടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുമായി സംവദിച്ചും പ്രദേശവാസികളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെയും ദേശീയപാത അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയും നീതിയുക്തവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി തുടർച്ചയായ ഇടപെടലുകൾ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

Leave a Reply