
തിരുവനന്തപുരം: 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഏകദേശം 50 ശതമാനം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരും.

2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റ് ഫീസുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം അധികാരം ഉപയോഗിച്ച് കുറച്ചത്. 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കല്‍ തുക അമ്പത് ശതമാനമായി കുറച്ചുള്ള പുതിയ വിജ്ഞാപനം ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഗതാഗതവകുപ്പിന്റെ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സാങ്കേതിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ഫീസ് സംവിധാനം നടപ്പിലാകും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ചാണ് ഫിറ്റ്നസ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍, ത്രിവീലര്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നീ വിഭാഗങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്—15 വര്‍ഷം വരെ, 15 മുതല്‍ 20 വര്‍ഷം വരെ, 20 വര്‍ഷത്തിനു മുകളില്‍ എന്നിങ്ങനെ. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് അഞ്ച് കാറ്റഗറികളാണ് നിശ്ചയിച്ചിരിക്കുന്നത്—10 വര്‍ഷം വരെ, 10 മുതല്‍ 13 വര്‍ഷം വരെ, 13 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20 വര്‍ഷം വരെ, 20 വര്‍ഷത്തിനു മുകളില്‍.
മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഇടത്തരം ഹെവി ഗുഡ്സ് വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും അവയുടെ പഴക്കം അടിസ്ഥാനമാക്കിയുള്ള പുതുക്കിയ ഫിറ്റ്നസ് ഫീസാണ് ഈടാക്കുക. ഈ തീരുമാനം വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കുമെന്നതാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.