You are currently viewing പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങിമരിച്ച ദാരുണ സംഭവം പ്രദേശത്തെ നടുക്കി. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ഫാത്തിമ ഫർസീല (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തെ പാടത്തുള്ള കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായി സൈനബയും മക്കളും ഇറങ്ങിയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്ക ഉയരുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.

വൈകുന്നേരം നാലരയോടെ അതുവഴി പോയിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫർസീലയെ കുളത്തിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിച്ചതോടെ നടത്തിയ തിരച്ചിലിലാണ് സൈനബയുടെയും മകൻ ആഷിഖിന്റെയും മൃതദേഹങ്ങളും കണ്ടെത്തിയത്.

വേങ്ങര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു നിമിഷംകൊണ്ട് ഒരു കുടുംബത്തെ മുഴുവൻ കവർന്നെടുത്ത ദുരന്തം വീണാലുങ്ങൽ പ്രദേശത്തെ കണ്ണീരിലാഴ്ത്തി.

Leave a Reply