
കൊട്ടാരക്കര:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു.

പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുക, കേരളത്തെ ആഗോള സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബായി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നാട്ടിനടുത്ത് തന്നെ ജോലി ചെയ്യാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതിലൂടെ യുവാക്കൾക്ക് വലിയ അവസരങ്ങളാണ് പദ്ധതി തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വർക്ക് നിയർ ഹോം’ കേന്ദ്രത്തിലെ 150 സീറ്റുകളിൽ 80 എണ്ണം ഇതിനകം തന്നെ വിവിധ കമ്പനികൾ ഏറ്റെടുത്തതായി മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അതിവേഗ ഇന്റർനെറ്റ്, ശീതീകരണമുൾപ്പെടെ ആധുനിക തൊഴിൽ സൗകര്യങ്ങളോടെയുള്ള പ്രവർത്തനാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
80 കോടിയിലധികം രൂപ ചെലവഴിച്ച് 1500 പേർക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന രവിനഗറിലെ ഐ.ടി. പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ എഴുകോൺ പോളിടെക്‌നിക്കിൽ ഡ്രോൺ റിസർചുമായി ബന്ധപ്പെട്ട കോഴ്‌സ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നേത്രാസെമി, പ്രോംടെക് ഗ്ലോബൽ, വൊന്യൂ, സോഹോ എന്നീ പ്രമുഖ കമ്പനികളാണ് ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതോടെ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഐ.ടി. മേഖലയിലെ പുതിയ തൊഴിൽ കേന്ദ്രങ്ങളായി മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.