
അരൂർ: പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ തീരുമാനമായി. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന പെരുമ്പളം പാലം വഴിയാണ് സർവീസ് നടത്തുക. ഇതോടെ ദ്വീപ് നിവാസികൾക്ക് പ്രധാന നഗരങ്ങളിലേക്കുള്ള ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടും.
പദ്ധതിയുടെ ഭാഗമായി ചേർത്തല–പെരുമ്പളം–അരൂക്കുറ്റി വഴി എറണാകുളത്തേക്ക് മൂന്ന് കെഎസ്ആർടിസി ലോക്കൽ ബസുകൾ സർവീസ് നടത്തും.

കൂടാതെ എറണാകുളം–അരൂർ–അരൂക്കുറ്റി
വഴി പെരുമ്പളം പാലം കടന്ന് ചേർത്തല, കൊല്ലം വരെ രണ്ട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആരംഭിക്കും.
അരൂർ എംഎൽഎ ദലീമ ജോജോയുടെ ഇടപെടലിലൂടെയാണ് പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി സർവീസിന് അനുമതി ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കെഎസ്ആർടിസി അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറിയതായും അറിയിച്ചു.
പെരുമ്പളം പാലം തുറക്കുന്നതോടെ പൊതുഗതാഗത സംവിധാനത്തിൽ ഉണ്ടാകുന്ന ഈ വികസനം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാകും എന്നതാണ് പ്രതീക്ഷ.