You are currently viewing റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ തീരുമാനമായി.

ചർച്ചയിൽ കൈവരിച്ച ധാരണ പ്രകാരം, പ്രതിമാസം 15 ക്വിന്റൽ വരെ വിതരണം നടത്തുന്ന റേഷന്‍ കടകൾക്ക് 6,800 രൂപ കമ്മീഷൻ നൽകും. 15 ക്വിന്റലിന് മുകളിൽ 45 ക്വിന്റൽ വരെ വിതരണം നടത്തുന്നവർക്കു അടിസ്ഥാന കമ്മീഷൻ 9,000 രൂപയായി നിശ്ചയിക്കുകയും, വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിൽ അധിക കമ്മീഷൻ നൽകുകയും ചെയ്യും. 45 ക്വിന്റലിന് മുകളിലുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 21,000 രൂപയായി ഉയർത്തുകയും, 45 ക്വിന്റലിന് മുകളിലായി വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ കമ്മീഷൻ നൽകാനും തീരുമാനമായി.

പരിഷ്‌കരിച്ച വേതന പാക്കേജു പ്രകാരം, നിലവിൽ റേഷന്‍ വ്യാപാരികൾക്ക് ലഭിച്ചിരുന്ന പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, അധിക കമ്മീഷൻ തുകയായിരുന്ന 180 രൂപ 270 രൂപയായി ഉയർത്തിയതും വ്യാപാരികൾക്ക് ആശ്വാസമാകുന്ന തീരുമാനമായി.

Leave a Reply