
തിരുവനന്തപുരം: തൻറെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് അകറ്റാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശ്രമിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. കുടുംബ തർക്കം പരിഹരിക്കാമെന്ന പേരിൽ മധ്യസ്ഥനായി എത്തിയ ഉമ്മൻചാണ്ടി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

മുൻപ് താൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് പിന്നീട് വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെടുക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് ആ വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാറാണെന്ന മകൻ ചാണ്ടി ഉമ്മൻ ഉമ്മൻ നടത്തിയ പരാമർശങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. സിബിഐക്ക് നൽകിയ മൊഴിയിൽ താൻ ഉമ്മൻചാണ്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി ഇത്തരം ആരോപണങ്ങൾ ആവർത്തിച്ചാൽ പഴയ കാര്യങ്ങൾ പലതും തുറന്നു പറയേണ്ടിവരുമെന്ന് ചാണ്ടി ഉമ്മനോട് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. കള്ളസാക്ഷി പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് ഗണേഷ് കുമാർ ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.