
ദാവോസ്: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (WEF) കേരളത്തിന് 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രങ്ങൾ (MoU) ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധ പ്രമുഖ കമ്പനികളുമായാണ് താൽപര്യപത്രങ്ങളിൽ ഒപ്പുവെച്ചത്.

ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയിൽ നിന്ന് കേരളം നേരിട്ട് നിക്ഷേപ താൽപര്യം സമാഹരിക്കുന്നത്. മെഡിക്കൽ ടെക്നോളജി വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്നോളജി മേഖലകളിലായി 27 കമ്പനികളാണ് കേരളവുമായി താൽപര്യപത്രങ്ങളിൽ ഒപ്പിട്ടത്.
മൂന്ന് ദിവസത്തെ ഫോറത്തിനിടയിൽ 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ചകൾ നടത്തി.
ഒപ്പിട്ട താൽപര്യപത്രങ്ങളുടെ തുടർച്ചയായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രത്യേകമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താൽപര്യപത്രങ്ങളിൽ നൂറിലധികം കമ്പനികൾ ഇതിനകം തന്നെ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
അതിനുപുറമേയായാണ് ലോക സാമ്പത്തിക ഫോറത്തിൽ വച്ച് പ്രധാന അന്താരാഷ്ട്ര കമ്പനികളുമായി പുതിയ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചത്.
ഇ.എസ്.ജി (Environmental, Social, Governance) നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നത് നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി വിവിധ കമ്പനികളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇത് ഭാവിയിൽ കൂടുതൽ വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായകമാകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.