You are currently viewing കിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

കിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

കിളിമാനൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് ദമ്പതികളെ ഇടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം സൃഷ്ടിച്ച വാഹനത്തിന്റെ ഉടമയായ കാരക്കോണം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കേരള–തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഡിവൈഎസ്പി ഓഫീസിലെത്തിച്ച ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തുവരികയാണ്.

കിളിമാനൂർ സ്വദേശികളായ രഞ്ജിത്ത് (41) അംബിക (36) എന്നിവരാണ് അപകടത്തിൽ മരിച്ചത്.ദമ്പതികളെ വാഹനം ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ അതിർത്തിയിൽ എത്തി പിടികൂടാൻ സഹായകമായത്.

അതേസമയം, കേസന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതായും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
ദക്ഷിണ മേഖലാ ഐ.ജി.യാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply