
തൃശ്ശൂർ/തൊടുപുഴ:സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനിയായ ചെറാല വീട്ടിൽ മുരളിയുടെ മകൾ ശ്രദ്ധ (24) ആണ് മരിച്ചത്. മാള കുഴിക്കാട്ടിശ്ശേരി സി.എസ്.ബി ബാങ്കിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്നു.

ഇന്നലെ ഉച്ചയോടെ തൊടുപുഴ കാവക്കാട് ഭാഗത്തുള്ള കാളിയാർ നദിയിലായിരുന്നു അപകടം. ബാങ്ക് ജീവനക്കാരുടെ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ ശ്രദ്ധ, നദിയിൽ കുളിക്കാനിറങ്ങുമ്പോൾ കാൽ വഴുതി അപ്രതീക്ഷിതമായി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഉടൻ തന്നെ ശ്രദ്ധയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിഴക്കനൂട്ട് വീട്ടിൽ ജിഷ്ണുവാണ് ഭർത്താവ്.
മകൻ ദേവദത്ത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.