
കൊട്ടാരക്കര–കൊല്ലം റോഡിൽ ഞായറാഴ്ച രാത്രി ഉണ്ടായ ഇരുചക്രവാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (28), മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരണപ്പെട്ടത്.ബൈക്ക് യാത്രക്കാരായ ജീവൻ, സനൂബ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10.30ഓടെ കൊട്ടാരക്കര നെടുവത്തൂരിൽ താമരശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അപകടം.
എതിർദിശകളിൽ നിന്ന് അമിതവേഗതയിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനച്ചോർച്ച ഉണ്ടാകുകയും തുടർന്ന് ഒരു ബൈക്കിന് തീപിടിക്കുകയും ചെയ്തു.
അപകടസ്ഥലത്തുതന്നെ ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സിദ്ധിവിനായകിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.