
തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയെതിരെ ‘മെട്രോ മാൻ’ ഇ. ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പദ്ധതി പ്രായോഗികമല്ലെന്നും ഇതിലൂടെ ഒരിക്കലും ഹൈസ്പീഡ് ട്രെയിൻ യാത്ര സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർആർടിഎസ് പദ്ധതി “ഒരു മണ്ടൻ പദ്ധതി” ആണെന്നും ഇത് സർക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ശ്രീധരൻ ആരോപിച്ചു. ആർആർടിഎസ് സംവിധാനം ചെറുകിട പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ മാത്രമുള്ളതാണെന്നും, ഈ മാതൃകയിൽ ഹൈസ്പീഡ് റെയിൽ യാത്ര നടപ്പിലാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള പോലുള്ള കുറച്ച് ദൂരങ്ങളിൽ ആർആർടിഎസ് പദ്ധതി നടപ്പിലാക്കാൻ സാധിച്ചേക്കാമെങ്കിലും, ദീർഘദൂര യാത്രയ്ക്ക് ഈ സാങ്കേതികവിദ്യ അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മുൻപ് നിർദ്ദേശിച്ച മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഹൈ അതിവേഗ റെയിൽ പദ്ധതിയിൽ നിന്നുള്ള ജനശ്രദ്ധ മാറ്റാനാണ് സർക്കാർ ആർആർടിഎസ് പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്നും ഇ. ശ്രീധരൻ ആരോപിച്ചു.
സർക്കാരിന്റെ ഗതാഗത വികസന നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് ശ്രീധരന്റെ ഈ പ്രതികരണം.