
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ അവതരിപ്പിച്ച ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്ത വെറും വാഗ്ദാനങ്ങളുടെ പട്ടിക മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്ത സർക്കാരിന് ഇതുവരെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇപ്പോൾ ചെയ്യുമെന്ന അവകാശവാദമാണ് ബജറ്റിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിന് കേന്ദ്രസർക്കാർ ആവശ്യമായ ധനസഹായം നൽകുന്നില്ലെന്ന ആരോപണം സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണെന്നും, എന്നാൽ കേന്ദ്രസഹായം ലഭിക്കുന്ന നിരവധി പദ്ധതികൾ കേരളത്തിൽ ശരിയായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവാസ് യോജന (PMAY) നടപ്പിലാക്കാത്ത ഏക സംസ്ഥാനം കേരളം മാത്രമാണെന്നത് സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ നൽകുന്ന അവസരങ്ങളും ഫണ്ടുകളും പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമായാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ യാഥാർത്ഥ്യം മറയ്ക്കാനാണ് ബജറ്റ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.