You are currently viewing കേരളത്തെ അവഗണിച്ച ബഡ്ജറ്റ്; കേന്ദ്രത്തിനെതിരെ സംസ്ഥാന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടുത്ത വിമർശനം

കേരളത്തെ അവഗണിച്ച ബഡ്ജറ്റ്; കേന്ദ്രത്തിനെതിരെ സംസ്ഥാന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടുത്ത വിമർശനം

ന്യൂഡൽഹി/തിരുവനന്തപുരം, ഫെബ്രുവരി 1, 2026: 2026–27 ലെ കേന്ദ്ര ബജറ്റിനെതിരെ കേരളത്തിലെ സംസ്ഥാന സർക്കാരും കോൺഗ്രസും കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കേരളത്തെ പൂർണമായും അവഗണിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നാരോപിച്ചാണ് ഇരു പക്ഷങ്ങളും രംഗത്തെത്തിയത്.

കേരളത്തെ പൂർണമായും തഴഞ്ഞ ഒരു ബഡ്ജറ്റാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളോടും ദീർഘകാല ആവശ്യങ്ങളോടും കേന്ദ്ര സർക്കാർ മുഖം തിരിച്ചതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷമായി കേരളം ആവശ്യപ്പെടുന്ന എയിംസ് (AIIMS) സ്ഥാപനം ഇത്തവണയും സംസ്ഥാനത്തിന് അനുവദിക്കാതിരുന്നത് ഏറെ ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. നാളികേര കൃഷി, മത്സ്യബന്ധനം, ആയുർവേദം തുടങ്ങിയ കേരളത്തിന് നിർണായകമായ മേഖലകളിൽ ബജറ്റിൽ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരണാസിയിലും പട്‌നയിലും കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചപ്പോൾ സമുദ്രതീര സംസ്ഥാനമായ കേരളത്തെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്നും ശശി തരൂർ എംപി പറഞ്ഞു.

കേരളത്തെ പൂർണമായും അവഗണിച്ച ബഡ്ജറ്റാണിതെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. പുതിയതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ കേരളത്തിന് ഒന്നു പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരളം ഏറെ നാളായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊത്തത്തിൽ, വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളെ പൂർണമായി അവഗണിച്ച ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന വിമർശനമാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തുന്നത്.

Leave a Reply