You are currently viewing കുടിവെള്ളത്തിന് അമിതവില: പരാതികളിൽ കെ.സി.എയുടെ വിശദീകരണം

കുടിവെള്ളത്തിന് അമിതവില: പരാതികളിൽ കെ.സി.എയുടെ വിശദീകരണം

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2026 ജനുവരി 31ന് നടന്ന ഇന്ത്യ–ന്യൂസിലാൻഡ് ട്വന്റി20 മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിനും പാനീയങ്ങൾക്കും അമിതവില ഈടാക്കിയെന്ന കാണികളുടെ പരാതികളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഔദ്യോഗിക വിശദീകരണം നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ റിപ്പോർട്ടുകളിലൂടെയും വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടപടി ആരംഭിച്ചതായാണ് കെ.സി.എ അറിയിച്ചത്.

അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണ സ്പോൺസറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണെന്നും, കരാർ പ്രകാരം 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക്/ജ്യൂസുകൾക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചതെന്നും കെ.സി.എ വ്യക്തമാക്കി. ഈ നിരക്കുകൾ സ്റ്റാളുകളിൽ പ്രദർശിപ്പിക്കാനും മതിയായ സ്റ്റോക്ക് ഉറപ്പാക്കാനും ഏജൻസിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും അറിയിച്ചു.

എന്നിരുന്നാലും മത്സരത്തിനിടെ ചിലയിടങ്ങളിൽ നിശ്ചിത നിരക്കിനെക്കാൾ അധികം ഈടാക്കിയെന്ന പരാതികൾ ലഭിച്ചതോടെ വിഷയം ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചതായും കെ.സി.എ വ്യക്തമാക്കി. ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും, കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും, ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

Leave a Reply