
ന്യൂഡൽഹി: ഇന്ന് രാജ്യസഭയിൽ ബിജെപി എംപി സി. സദാനന്ദൻ മാസ്റ്ററും സിപിഐഎം എംപി ജോൺ ബ്രിട്ടാസും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ സദാനന്ദൻ മാസ്റ്റർ തന്റെ കൃത്രിമ കാലുകൾ സഭയിൽ പ്രദർശിപ്പിച്ചതോടെയാണ് തർക്കം രൂക്ഷമായത്.

ബിജെപിയുടെ നോമിനേറ്റഡ് എംപിയായ സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലെ തന്റെ കന്നിപ്രസംഗം നടത്തുന്നതിനിടെയാണ് 1994ൽ കണ്ണൂരിൽ സിപിഐഎം പ്രവർത്തകർ നടത്തിയ ആക്രമണത്തെക്കുറിച്ച് പരാമർശിച്ചത്. അന്നത്തെ ആക്രമണത്തിൽ തന്റെ കാലുകൾ വെട്ടിമാറ്റിയതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആ ക്രൂരതയുടെ തെളിവായി കൃത്രിമ കാലുകൾ ഊരി രാജ്യസഭയിലെ മേശപ്പുറത്ത് വെച്ചു.
ഇതിനെതിരെ ജോൺ ബ്രിട്ടാസ് ക്രമപ്രശ്നം (പോയിന്റ് ഓഫ് ഓർഡർ) ഉന്നയിച്ചു.
സഭയിൽ ഇത്തരം വസ്തുക്കൾ പ്രവേശിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിയമലംഘനമാണെന്നും, ചെയർമാൻ നേരത്തെ തന്നെ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദാനന്ദൻ മാസ്റ്ററെ ഇത് ബോധ്യപ്പെടുത്തണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
തുടർന്ന് സഭയിൽ വാഗ്വാദം രൂക്ഷമായി. ഒടുവിൽ രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണന്റെ നിർദേശപ്രകാരം കൃത്രിമ കാലുകൾ മേശപ്പുറത്ത് നിന്ന് നീക്കം ചെയ്യുകയും, സഭയിലെ അവസ്ഥ ശാന്തമാവുകയും ചെയ്തു.
ജോൺ ബ്രിട്ടാസിന്റെ നിലപാടിനോട് സദാനന്ദൻ മാസ്റ്റർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ജനാധിപത്യവും സഹിഷ്ണുതയും സംസാരിക്കുന്നവർ, തന്റെ നേരെ നടന്ന അക്രമത്തിന്റെ അടയാളങ്ങൾ കാണുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം നടത്തിയ അക്രമമാണ് തനിക്ക് സഭയിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.