
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി. ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവവും ഉറപ്പാക്കുന്നതിനായാണ് പുതിയ സംരംഭമെന്ന് മന്ത്രി പറഞ്ഞു.

ബിസിനസ് ക്ലാസ് സർവീസിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വോൾവോ ബസുകളാണ് ഉപയോഗിക്കുക. ബസിനുള്ളിൽ യാത്രക്കാർക്ക് കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കും. കൂടാതെ ടോയ്ലറ്റ് സൗകര്യങ്ങളും ബസിലുണ്ടാകും. ഈ ബസുകളിൽ പതിവ് കണ്ടക്ടർ സംവിധാനം ഉണ്ടായിരിക്കില്ല. പകരം, യാത്രക്കാരുടെ സേവനത്തിനായി ഒരു ലേഡി ബസ് ഹോസ്റ്റസ് ഉണ്ടാകും.
സർവീസ് ക്രമീകരണപ്രകാരം തിരുവനന്തപുരം നിന്നു രാവിലെ പുറപ്പെടുന്ന ബസ് എറണാകുളത്ത് മാത്രമായിരിക്കും സ്ഥിരമായി നിർത്തുക. എന്നാൽ മുൻകൂട്ടി ബുക്കിംഗ് ഉണ്ടായാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരെയും ബസിൽ ഉൾപ്പെടുത്തും. വൈകിട്ട് 5 മണിക്ക് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള തിരിച്ചുസർവീസും നടത്തും.