
കോഴിക്കോട്: കൊടിയത്തൂരിൽ റോഡിലേക്ക് ചാടിയ മൂന്നു വയസ്സുകാരിയെ സമയോചിതമായ ഇടപെടലിലൂടെ അപകടത്തിൽ നിന്ന് രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിനെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ആദരിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എംവിഡി ഉദ്യോഗസ്ഥർ ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ജനുവരി 30നാണ് സംഭവം. കൊടിയത്തൂരിൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയ കുഞ്ഞ് റോഡിന്റെ മറുവശത്തുള്ള അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ഈ സമയം കോഴിക്കോട്–കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘തയ്യിൽ’ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ ഷിനോജ് കുട്ടി റോഡിന് കുറുകെ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസ് വെട്ടിച്ച് ഉടൻ ബ്രേക്ക് ഇട്ട് നിർത്തി.
ഷിനോജിന്റെ മനസ്സാന്നിധ്യവും വേഗത്തിലുള്ള തീരുമാനവുമാണ് കുഞ്ഞിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്.
സംഭവത്തെ തുടർന്ന് മാനസികമായി തളർന്ന ഷിനോജ് രണ്ടുദിവസം ജോലിക്ക് പോയില്ലെന്നും, തനിക്ക് ഇതേ പ്രായത്തിലുള്ള രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് മനസിലേറ്റ ആഘാതം കൂടുതൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും ഷിനോജ് ഓർമിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാരുടെ ഉത്തരവാദിത്വപരമായ ഇടപെടൽ എത്രത്തോളം നിർണായകമാണെന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം അധികൃതർ വിലയിരുത്തിയത്.